തൊടുപുഴ: ആഘോഷങ്ങളില്ലാതെ കേരള രാഷ്ട്രീയത്തില മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിന് 85-ാം പിറന്നാള്‍. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നശേഷമുള്ള ആദ്യ പിറന്നാള്‍ ആയിരുന്നെങ്കിലും പ്രിയ നേതാവിന് ആശംസ നേരാന്‍ രാവിലെ മുതല്‍ പുറപ്പുഴയിലെ പാലത്തിനാല്‍ തറവാട്ടിലേക്കു പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പി.ജെ. ജോസഫിനെ നേരില്‍ക്കണ്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
മന്ത്രി മോന്‍സ് ജോസഫ് വീട്ടിലെത്തി അദ്ദേഹത്തിന് പിറന്നാള്‍ മധുരം നല്കി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രേസമ്മ ജോണും ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്റെ നേതൃത്വത്തില്‍ 85 റോസാ പുഷ്പങ്ങള്‍കൊണ്ട് തയാറാക്കിയ പൂച്ചെണ്ട് സമ്മാനിച്ച് ആശംസകള്‍ നേര്‍ന്നു. പി.ജെ. ജോസഫിന്റെ മകനും ഗവ. ചീഫ് വിപ്പുമായ അപു ജോണ്‍ ജോസഫും കുടുംബാംഗങ്ങളും ആശംസകള്‍ നേരാനെത്തിയവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നെങ്കിലും പാര്‍ട്ടി ചെയര്‍മാനായ പി.ജെ. ജോസഫ് പൊതുരംഗത്തും പിന്നെ ജീവിതത്തിന്റെതന്നെ ഭാഗമായി കാണുന്ന കൃഷിയിലും ക്ഷീര മേഖലയിലും സജീവമായി തുടരുകയാണ്.
പി.ജെ. ജോസഫിന് മന്ത്രിതുല്യ
പദവി വേണം: മോന്‍സ് ജോസഫ്
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളുമായ പി.ജെ. ജോസഫിന് മന്ത്രിമാര്ക്കുതുല്യ പദവി നല്‍കണമെന്ന് മന്ത്രി മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ. ജോസഫിന്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് പുറപ്പുഴയിലെ പാലത്തിനാല്‍ തറവാട്ടിലെ വസതിയിലെത്തി ആശംസകള്‍ നേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിലേറെയായി കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായ പി.ജെ. ജോസഫ് നിയമസഭയിലും മന്ത്രിസഭയിലും നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ച നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ആദ്യ കണ്‍വീനറായും മുന്നണിയുടെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായും പി.ജെ. ജോസഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും പൊതുസേവനവും പരിഗണിച്ച് മന്ത്രിതുല്യ പദവി നല്‍കുന്നത് ഉചിതമായ അംഗീകാരമാകും. ഈ ആവശ്യം യുഡിഎഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത യുഡിഎഫ് യോഗത്തില്‍ വിഷയം ഔദ്യോഗികമായി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.